• Welcome to Our store..

കുഴപ്പം ശരീരത്തിനല്ല, മനസ്സിനാണ്

ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ മര്‍ഹൂം

മസ്ജിദിന് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന ഒരു വ്യക്തിയുണ്ട്. അദ്ദേഹം ജമാഅത്ത് നമസ്കാരത്തിന് മസ്ജിദില്‍ വരികയില്ല. പലപ്പോഴും അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം പറയുന്ന കാരണമിതാണ്: ദേ, എന്‍റെ ഈ തടിച്ച ശരീരം കണ്ടില്ലേ.? നടന്നാല്‍ ഈ ശരീരത്തിന്‍റെ ഭാരം കാലുകള്‍ താങ്ങുകയില്ല. വഴിയിലെങ്ങാനും വീണുപോയാല്‍ ബുദ്ധിമുട്ടാകും. അത് കൊണ്ട് വെള്ളിയാഴ്ച മാത്രമേ മസ്ജിദില്‍ പോകാറുള്ളൂ. 

ഒരു രാത്രി ഇഷാ നമസ്കാരത്തിന് ശേഷം ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി. ഞാന്‍ അവിടെ ഇരിക്കവേ ഒരാള്‍ വന്ന് പറഞ്ഞു: താങ്കളുടെ മകനെ പാമ്പ് കടിച്ചു. വിഷഹാരിയുടെ അടുക്കലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 

മുഴുവനും പറഞ്ഞുതീരുന്നതിന് മുമ്പ് അദ്ദേഹം എഴുന്നേറ്റ് കഴിഞ്ഞിരുന്നു. ലൈറ്റും വടിയുമെടുക്കാന്‍ പറഞ്ഞുകൊണ്ട് അദ്ദേഹം പടിയിറങ്ങി മുറ്റത്തെത്തി. അവരണ്ടും വഴിയില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു. വഴിക്ക് ഒരു പുഴയുണ്ട്. പുഴ കടക്കാന്‍ തടിപ്പാലവുമുണ്ട്. എന്നാല്‍ പാലത്തിലൂടെ കടക്കാന്‍ അല്‍പ്പം മുകളിലേക്ക് നടക്കണം. അതുകൊണ്ട് അദ്ദേഹം താഴെ പുഴയിലിറങ്ങി അക്കരെ കയറി. കാട്ടിനിടയിലൂടെ നടന്നു. രണ്ട് മൂന്ന് കിലോമീറ്റര്‍ അകലെ കുന്നിന്‍റെ മുകളിലാണ് വിഷവൈദ്യന്‍റെ വീട്. കാടും മേടുമൊക്കെ കയറി വൈദ്യന്‍റെ വീട്ടിലെത്തി. വൈദ്യന്‍ മകന് മരുന്ന് കൊടുക്കുന്നത് നോക്കിക്കൊണ്ടിരുന്നു. രാത്രി ഒന്നര മണിയായപ്പോള്‍ ഞാന്‍ ചോദിച്ചു: എന്താണ് പരിപാടി.? അദ്ദേഹം പറഞ്ഞു: രാത്രി ഞാന്‍ ഇവിടെ ഇരിക്കാം. എനിക്ക് മടങ്ങാന്‍ അനുവാദം നല്‍കി. 

അപ്പോള്‍ ഞാനൊന്നും ചോദിച്ചില്ല. പിന്നീടൊരിക്കല്‍ ഞാന്‍ ചോദിച്ചു: അര കിലോമീറ്റര്‍ നടന്ന് ജമാഅത്ത് നമസ്കാരത്തിന് പോകാന്‍ ശരീരസ്ഥിതി അനുവദിക്കാത്ത നിങ്ങള്‍, മകനെ പാമ്പ് കടിച്ചപ്പോള്‍ രണ്ട് മൂന്ന് കിലോമീറ്റര്‍ കാട്ടിലും കുന്നിലും കൂടി നടന്ന് വൈദ്യന്‍റെ വീട്ടില്‍ ചെന്ന് രാത്രി മുഴുവന്‍ അവിടെ ഉറക്കമിളച്ച് കഴിഞ്ഞുകൂടിയല്ലോ.? 

ബഹുമാനപ്പെട്ട മൗലാനാ വിവരിച്ച ഈ സംഭവം, ഒരാള്‍ ജമാഅത്ത് നമസ്കാരത്തിന് പങ്കെടുക്കുന്നതില്‍ വരുത്തിയ വീഴ്ചയെക്കുറിച്ചാണ്. എന്നാല്‍ ധാരാളം മുസ്ലിംകള്‍ ഇന്ന് ഫര്‍ദായ അഞ്ച് നേരത്തെ നമസ്കാരം തന്നെ നിര്‍വ്വഹിക്കാതെ കഴിയുന്നുണ്ട്. 

ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുണ്ട്, ആയതിനാല്‍ തല കുനിച്ച് താഴെ സുജൂദ് ചെയ്യാന്‍ പാടില്ല എന്നി ചിലര്‍ പറയുന്നു. ചിലര്‍ക്ക് മുതുക് വളയ്ക്കാന്‍ പ്രയാസമാണ്. മറ്റ് ചിലര്‍ക്ക് അര്‍ശസ്സിന്‍റെ ശല്യം. മൂത്രത്തുള്ളികള്‍ അറിയാതെ പോകുന്നവരുണ്ട്. അത്തഹിയ്യാത്തിലിരിക്കാന്‍ കാല്‍ മുട്ടിലോ വിരലിലോ ഉള്ള നീരോ വേദനയോ ഉളവാക്കുന്ന ബുദ്ധിമുട്ട്. ശരീരം അഴുക്കാകുന്ന തൊഴില്‍. യാത്ര-സമയം-ഒഴിവില്ലാത്ത ജോലി, ഇതൊക്കെയാണ് സാധാരണയുള്ള തടസ്സങ്ങള്‍. അഞ്ച് നേരത്തെ നമസ്കാരത്തെ സംബന്ധിച്ച് സുബോധമുള്ള ഒരാള്‍ക്കും വിട്ടുവീഴ്ചയില്ലെന്നും എന്നാല്‍ ശാരീരികമായ ഒഴിവുകേടുകളനുസരിച്ച് ബാഹ്യമായ രൂപത്തില്‍ വ്യത്യാസം വരുത്തുന്നത് അനുവദനീയമാണെന്നുമാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്. 

നില്‍ക്കാന്‍ കഴില്ലാത്തവര്‍ക്ക് ഇരുന്നോ, അതിന് കഴിവില്ലാത്തവര്‍ക്ക് കിടന്നോ, കൈകാലുകള്‍ ചലിക്കാത്തവര്‍ക്കും സംസാര ശേഷി നഷ്ടപ്പെട്ടവര്‍ക്കും ആംഗ്യങ്ങളിലൂടെ നിര്‍വ്വഹിച്ചാലും നമസ്കാരം സ്വീകാര്യമായിത്തീരുന്നതാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവരും, അശുദ്ധിയെ ഭയപ്പെടുന്നവരും, രോഗമോ അംഗ വൈകല്യമോ ഉള്ളവരും ഏത് വിധത്തിലാണ് ആ അവസ്ഥയില്‍ നമസ്കരിക്കേണ്ടതെന്ന് നാട്ടിലെ ഇമാമുകളോട് ചോദില്ലാല്‍ പറഞ്ഞുതന്നേക്കാം. 

എന്നാല്‍ പ്രധാന കുഴപ്പം അതല്ലെന്നുള്ളതാണ് വാസ്തവം. ഹാര്‍ട്ട് അറ്റാക്ക് വന്നവരൊക്കെ രാത്രി മുഴുവനും ഇരന്ന് ചീട്ടുകളിക്കുകയോ, മൂന്ന് മണിക്കൂര്‍ ഒറ്റയിരുപ്പിലിരുന്ന് സിനിമ കാണുകയോ ചെയ്യുന്ന കാര്യത്തില്‍ ഭയപ്പെടുന്നില്ല. നമസ്കാരത്തിനും ദീനിന്‍റെ ദീനിന്‍റെ അത്യാവശ്യ കാര്യങ്ങള്‍ക്കും സമയമില്ലാത്തവര്‍, കള-തമാശകള്‍ക്കും ടൂറിനും കല്യാണങ്ങള്‍ക്കും സമയം കണ്ടെത്തുന്നു. 

കുഴപ്പം ശരീരത്തിന്‍റെയും ജോലിയുടേതുമല്ല. മറിച്ച് മനസ്സിന്‍റെതാണ്. ആഗ്രഹമില്ലാത്തതാണ്. മകനെ പാമ്പ് കടിച്ചപ്പോള്‍ ശരീരത്തിന്‍റെ ഭാരത്തിന്‍റെ കാര്യം മറന്നുപോയി. മനസ്സിന് രസമുണ്ടാക്കുന്ന കാര്യങ്ങളാണെങ്കില്‍ കച്ചവടത്തില്‍ വരുന്ന നഷ്ടം വലുതായി തോന്നുകയില്ല. 

അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കും പരലോക ജീവിതത്തിനും മുന്‍ഗണന നല്‍കുന്ന പക്ഷം, അമലുകള്‍ എളുപ്പമായിത്തീരും. ഉമ്മത്തികളില്‍ ഈ ചിന്തകള്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതിന് വേണ്ടിയുള്ള പരിശ്രമം, തുടര്‍ച്ചയായി നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മുസ്ലിം സമുദായത്തിന്‍റെ ഇരുലോകങ്ങളിലെയും അന്തസ്സിന് കാരണമായ ഈ പ്രവര്‍ത്തനത്തില്‍ മരണം വരെ ഇഖ്ലാസോടെ പങ്കെടുക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. !