• Welcome to Our store..

സ്ത്രീധനവും പരിധിവിട്ട ആചാരങ്ങളും

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി

അദൃശ്യലോകത്ത് വമ്പിച്ച പ്രതികരണം ഉളവാക്കുകയും സാമൂഹ്യജീവിതത്തില്‍ ദൂരവ്യാപകമായ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പ്രധാനകാര്യമാണ്, പരിധിവിട്ട സ്ഥാനമോഹവും ആചാരങ്ങളോട് ശരീരത്തെപ്പോലെ എന്നല്ല, കൂടുതലായി ഉള്ള ആഭിമുഖ്യവും. വ്യക്തിപരമായ വിഷയങ്ങളിലും മനസ്സിന് ഇഷ്ടമുള്ള മേഖലകളിലും സമ്പത്ത് ധൂര്‍ത്തടിക്കുന്നു. പേരും പെരുമയും നേടാനോ ആചാരങ്ങള്‍ പാലിക്കാനോ കണക്കില്ലാതെ പണം ചിലവഴിക്കുന്നു. അയല്‍വാസികളുടെയും ബന്ധുക്കളുടെയും സമുദായാംഗങ്ങളുടെയും പട്ടിണിയിലും ദാരിദ്ര്യത്തിലും വേദനാജനകമായ അവസ്ഥകളിലും കണ്ണടച്ച് ബോധമില്ലാതെ നടക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഏറ്റവും കൂടുതലായി തെറ്റ് പിണഞ്ഞ ഒരു കാര്യമാണിത്. ഫിഖ്ഹ് - ഫത്വകളുടെ സൂക്ഷ്മവും പരിമിതവുമായ ഭാഷയിലും ഹലാല്‍-ഹറാമുകളുടെ നിര്‍ണ്ണിത നിയമങ്ങളിലും ഈ പരിപാടികള്‍ നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളോ പേടിപ്പിക്കുന്ന വാചകങ്ങളോ ലഭിച്ചില്ലെങ്കിലും ഇവ, തത്വജ്ഞാനിയും നീതിമാനും സര്‍വ്വസൃഷ്ടികളുടെയും പരിപാലകനും കാരുണ്യവാനുമായ അല്ലാഹുവിന് അതൃപ്തിയും കോപവും ഉളവാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. വലിയൊരു വിഭാഗം ജനങ്ങള്‍ വിശപ്പടക്കാന്‍ ആഹാരവും ജീവന്‍ നിലനിര്‍ത്തുവാന്‍ മരുന്നും നഗ്നത മറയ്ക്കുവാന്‍ വസ്ത്രവും ലഭിക്കാത്ത ഒരു അവസ്ഥയില്‍, അതെ; നിരവധി വിധവകളുടെ അടുപ്പില്‍ പാത്രവും, ധാരാളം സാധുക്കളുടെ കുടിലുകളില്‍ വിളക്കും ഇല്ലാത്ത സാഹചര്യത്തില്‍ ഇവരുടെയെല്ലാം ഇടയില്‍വെച്ച് ഓരോ പരിപാടികള്‍ക്കും ആയിരക്കണക്കിന് രൂപ കണക്കില്ലാതെ ചിലവഴിക്കുന്നത് അല്ലാഹു എങ്ങനെ ഇഷ്ടപ്പെടാനാണ്? 

ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപാര്‍ഹവും വെറുക്കപ്പെടേണ്ടതും അല്ലാഹുവിന്‍റെ കോപത്തെ മാത്രമല്ല, ശിക്ഷയെ തന്നെ ക്ഷണിച്ചു വരുത്തുന്നതുമായ ഒരു കാര്യമാണ്, വരനോ വരന്‍റെ ആള്‍ക്കാരോ ആവശ്യപ്പെടുന്ന അച്ചാരം, സ്ത്രീധനം മുതലായ കാര്യങ്ങള്‍. വധുവിന്‍റെ ആള്‍ക്കാര്‍ അവരുടെ അവസ്ഥയ്ക്കനുസരിച്ച് വധുവിന് (വരനല്ല) വീട്ടുസാധനങ്ങളോ മറ്റോ നല്‍കുന്നത് ശരീഅത്തിനോ, സുന്നത്തിനോ എതിരല്ല. പ്രത്യുത, അനുവദനീയവും പുണ്യകരവും സല്‍സ്വഭാവവും ബന്ധുത്വം അടുപ്പിക്കലുമാണ്. തിരുനബി (സ) യുടെ കരളിന്‍റെ കഷണമായ ഫാത്വിമതു സ്സഹ്റ (റ) ക്ക് ദിവസവും ആവശ്യം വരുന്ന ഏതാനും സാധനങ്ങള്‍ നല്‍കിയിരുന്നു. ഒരു പുതപ്പ്, കുടം, തലയിണ എന്നിവ (അല്‍ബിദായതു വന്നിഹായ 3/346). ഒരു കട്ടിലും വിരിപ്പും രണ്ട് ആട്ടുകല്ലും നല്‍കിയെന്നും മറ്റു ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. (സീറതുന്നബി: അല്ലാമാ ശിബ്ലി നുഅ്മാനി). വരനായ അലിയ്യ് (റ) ന്‍റെ പക്കല്‍ ഇവ ഇല്ലാത്തതിനാലാണ് റസൂലുല്ലാഹി (സ) ഇത് നല്‍കിയതെന്ന് ചില മഹാത്മാക്കള്‍ വിവരിക്കുന്നു. ബഹുമാന്യ സ്വഹാബത്തും തുടര്‍ന്നുവന്ന മഹത്തുക്കളും തങ്ങളുടെ പെണ്‍മക്കള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നും അത് അനുവദനീയവും നല്ലതുമാണ്. പക്ഷേ, ഇന്ന് അതിന്‍റെ അകവും പുറവും പരിപൂര്‍ണ്ണമായി മാറിക്കഴിഞ്ഞു. സംഭാവനയോ ബന്ധുത്വം ചേര്‍ക്കലോ ഇന്ന് ലക്ഷ്യമല്ല. മറിച്ച്, പേരും പെരുമയും ആചാരനിഷ്ഠയുമാണ് ഇന്നത്തെ ഉദ്ദേശ്യം. ശരീഅത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ധാരാളം നിബന്ധനകളും ഇതില്‍ കടന്നുകൂടിയിരിക്കുന്നു. ഈ ആചാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പെണ്‍വീട്ടുകാര്‍ക്ക് പലപ്പോഴും കടംവാങ്ങേണ്ടി വരുന്നു. അതില്‍ പലതും പലിശയുമായി ബന്ധപ്പെട്ടതായിരിക്കും. മറ്റ് ചിലപ്പോള്‍ പുരയിടമോ, തോട്ടമോ അവശ്യസാധനങ്ങളോ വില്‍ക്കേണ്ടിവരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്ലിം രാജ്യങ്ങളില്‍ ഈ വിഷയത്തില്‍ ഇത്രയധികം ഗൗരവമില്ല. ഇത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പാഠം മാത്രമാണ്. ഭൂരിപക്ഷസമുദായത്തില്‍ നിന്ന് മുസ്ലിംകളിലേക്ക് പടര്‍ന്ന ഒരാചാരമാണ്. ഇതുകാരണം വിവാഹം എന്നത് ഒരു നാശവും കഷ്ടപ്പാട് നിറഞ്ഞ ജോലിയുമായി മാറിയിരിക്കുന്നു. ഇതിന്‍റെ പേരില്‍ വേദനാജനകമായ പല സംഭവങ്ങളും നടക്കുന്നു. ഇതിലൂടെ അല്ലാഹുവിന്‍റെ രോഷം ഇളകിമറിയുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഇത്തരം പാപങ്ങളുടെ പേരില്‍ അധികാരങ്ങളും സമൂഹങ്ങളും സംസ്കാരങ്ങളും രാജ്യങ്ങളും തകര്‍ന്നുതരിപ്പണമായ സംഭവങ്ങള്‍ ചരിത്രം പറഞ്ഞുതരുന്നുണ്ട്. 

ലോകാനുഗ്രഹിയായ തിരുനബി (സ) യുടെ അനുയായികളായ മുസ്ലിംകള്‍ ഈ നാട്ടിലുള്ളപ്പോള്‍ ഇലാഹീ ശാപകോപങ്ങള്‍ വിളിച്ചുവരുത്തുന്ന ഈ കാര്യങ്ങള്‍ അമുസ്ലിംകള്‍ക്കിടയില്‍നിന്ന് പോലും ഇല്ലാതാകുകയായിരുന്നു വേണ്ടത്. "ഒരു സമുദായത്തില്‍ പ്രവാചകന്‍ ഉള്ളപ്പോള്‍ അല്ലാഹു ആ സമുദായത്തെ ശിക്ഷിക്കുകയില്ല" എന്ന വാക്ക് ആ പ്രവാചകന്‍റെ അനുയായികള്‍ക്കും ബാധകമാണെന്ന് സ്ഥാപിക്കേണ്ടതായിരുന്നു. പക്ഷേ, കാര്യങ്ങള്‍ തിരിച്ചായി. ഈ മാരക രോഗം രാജ്യത്താകമാനം കത്തിക്കയറിക്കൊണ്ടിരിക്കുന്നു. താഴെ കൊടുക്കുന്ന പത്രവാര്‍ത്തയിലൂടെ ഇക്കാര്യം അനുമാനിക്കാവുന്നതാണ്: 

ന്യൂഡല്‍ഹി- ജൂണ്‍ 9: മഹിളാ സുരക്ഷാസമിതിയുടെ അദ്ധ്യക്ഷയും പാര്‍ലമെന്‍റ് അംഗവുമായ പ്രമീളാദന്തവതെ ഇന്നലെ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു: ഡല്‍ഹിയില്‍ മാത്രം സ്ത്രീധനത്തിന്‍റെ പേരില്‍ പന്ത്രണ്ട് മണിക്കൂറില്‍ ഒരാള്‍വീതം കൊല്ലപ്പെടുന്നു. ഇന്നലെയും ഒരു മരണം സംഭവിച്ചു. സ്ത്രീധനം അവസാനിപ്പിക്കാന്‍ ധാരാളം പ്രഖ്യാപനങ്ങളും മുന്നേറ്റങ്ങളും നടക്കുന്നുണ്ടെങ്കിലും എല്ലാം കടലാസുകളില്‍ മാത്രമാണ്. ഈ അവസ്ഥ നേരെയാവുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നു. സ്ത്രീധനം പഴയതുപോലെ ഇന്നും പരസ്യമായി നടക്കുന്നു. വധുവിന്‍റെ ആളുകള്‍ അത് തയ്യാറാക്കാന്‍ നിര്‍ബന്ധിതരാണ് (ഖൗമി ആവാസ്, 1984 ജൂണ്‍ 10) 

ഖേദകരമെന്ന് പറയട്ടെ. മുസ്ലിം സമൂഹത്തിലും ഈ രോഗം പ്രവേശിച്ചു കഴിഞ്ഞു. ദീനിനും മനുഷ്യത്വത്തിനും മാന്യതയ്ക്കും എതിരായിപ്പോലും ഇന്ന് അതിനെ ആരും കാണുന്നില്ല. സ്ത്രീധന ആചാരങ്ങളുടെ നീണ്ട പട്ടികയില്‍ ഒന്നെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ മാസങ്ങളോളം, വര്‍ഷങ്ങളോളം സ്വന്തം ഭാര്യമാരെ ഭര്‍ത്താക്കന്മാരും, മരുമകളെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളും പീഡിപ്പിക്കുന്നു. 

ഈ മൃഗീയതയ്ക്കെതിരെ ഒരു പ്രക്ഷോഭം തന്നെ നടത്തുകയും മുസ്ലിംകളുടെ ദീനീ വികാരവും ബോധവും ഉണര്‍ത്തുകയും, ഈ ദുരാചാരത്തെ അടിയോടെ പിഴുതെറിയുകയും ചെയ്യല്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും വല്ല ശിക്ഷയും ഇറങ്ങുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതുമൂലം ഇപ്പോള്‍ തന്നെ പ്രകടമായിക്കഴിഞ്ഞ സാമൂഹ്യ കുടുംബപ്രശ്നങ്ങളും സദാചാരത്തകര്‍ച്ചയും ആര്‍ക്കും അവ്യക്തമല്ല.