സർവ്വലോക പരിപാലകനായ അല്ലാഹുതആലാ നാം എല്ലാവരുടെയും ഇരുലോക വിജയം വെച്ചിരിക്കുന്നത് ദീനിലാണ്. ദീൻ എന്നാൽ അല്ലാഹുവിന് ഇഷ്ടപ്പെട്ട സൽഗുണങ്ങൾ ഉണ്ടാക്കിയെടുക്കുക. മഹാന്മാരായ നബിമാരിലൂടെ അല്ലാഹു ഈ ദീനിനെ അവതരിപ്പിച്ചു. അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) യിലൂടെ സമ്പൂർണ്ണമാക്കി. ഈ ദീൻ നമ്മിലും ലോകത്തുമുണ്ടാകാൻ പ്രബോധനം, ആത്മസംസ്‌കരണം, വിജ്ഞാനം എന്നീ പ്രവർത്തനങ്ങൾ ആവശ്യമാണ്. മഹാന്മാരായ സഹാബത്തും മുൻഗാമികളായ മഹത്തുക്കളും ഇത് നിർവ്വഹിച്ചു. ഇതിന്റെ സൽഗുണങ്ങൾ പ്രകടമായി. പരമ്പരപരമ്പരയായി ഈ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഈ പരിശ്രമങ്ങൾ ആഗോള തലത്തിൽ നടത്തിയ ഒരു മഹാപുരുഷനാണ് അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി. മഹാനവർകളുടെ പ്രത്യേക ദൂതനായി കേരളത്തിൽ പലപ്രാവശ്യം വരുകയും ധാരാളം പരിശ്രമങ്ങൾ നടത്തുകയും ചെയ്ത ഒരു മഹാനാണ് മൗലാനാ സയ്യിദ് അബ്ദുല്ലാഹ് മുഹമ്മദ് ഹസനി മർഹൂം. ഉപര്യുക്ത പ്രവർത്തനങ്ങൾക്ക് മഹാനവർകൾ ശിലാസ്ഥാപനം നടത്തി. 2006 ൽ ആരംഭിച്ച ഒരു പ്രവർത്തനമാണ് കേരളത്തിലെ ആലപ്പുഴ-കൊല്ലം ജില്ലകളുടെ സംഗമ സ്ഥലമായ ഓച്ചിറ റയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സയ്യിദ് ഹസനി അക്കാദമിയും ദാറുൽ ഉലൂം ഇസ്‌ലാമിയ്യയും. ഇതിന്റെ വിവിധ പ്രവർത്തനങ്ങൾ കൂടുതൽ പ്രയോജനപ്രദമായ നിലയിൽ പ്രചരിപ്പിക്കാനുള്ള ഒരു സംരഭമാണ് ഈ ആപ്ലിക്കേഷൻ. ഇതിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ച എല്ലാ സുമനസ്സുകൾക്കും അല്ലാഹു സമുന്നത പ്രതിഫലം നൽകട്ടെ. ഇതിനെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവർക്കും അല്ലാഹു ഉതവി നൽകട്ടെ.