• Welcome to Our store..

ഫലസ്തീന്‍ പ്രശ്നത്തിന്‍റെ യഥാര്‍ത്ഥ പരിഹാരം

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി

(മക്കാ മുകര്‍റമയില്‍ ഫലസ്തീന്‍ പ്രസിഡന്‍റ്, യാസിര്‍ അറഫാത്തിനെ മുന്നിലിരുത്തി അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) മസ്ജിദുല്‍ അഖ്സയുടെ വിഷയത്തില്‍ നടത്തിയ പ്രഭാഷണം.)

ഈ പരിപാവനമായ സമയത്തും സ്ഥലത്തും നാം ഒരുമിച്ച് കൂടിയത് വലിയൊരു പ്രശ്നമായ ഫലസ്തീന്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ്. മുസ് ലിംകളുടെ ആദ്യത്തെ ഖിബ്ലയും മൂന്നാമത്തെ ഹറമുമായ ഫലസ്തീനിലെ പ്രശ്നങ്ങളുടെ പരിഹാരം, ഈ ജുമുഅ രാത്രിയിലെ ദുആ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒരു ദുആയില്‍ ഞാന്‍ ചുരുക്കുന്നു: അല്ലാഹുവേ, രണ്ടാമതൊരു സ്വലാഹുദ്ദീനെ കൊണ്ട് ഇസ്ലാമിനെയും മുസ് ലിംകളെയും ഫലസ്തീനിനെയും നീ ശക്തിപ്പെടുത്തണേ.! 

സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പരമ്പരയില്‍ മൂന്ന്-നാല് തലമുറകളുടെ മുകളിലേക്ക് പോയാല്‍ അവര്‍ ജാഹിലിയ്യത്തിലായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ ഇസ് ലാമിലേക്ക് കടന്ന് വന്നവരായിരുന്നു. എന്നിട്ടും പടച്ചവന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയെ തെരഞ്ഞെടുത്തെങ്കില്‍ ഇസ് ലാമിക പാരമ്പര്യമുള്ള അറബികളില്‍ നിന്നും മറ്റൊരു അയ്യൂബിയെ കൊണ്ടുവരാന്‍ അല്ലാഹുവിന് കഴിവുണ്ട്. ഫലസ്തീന്‍ പ്രശ്നത്തിന്‍റെ ഒരേയൊരു പ്രതിവിധി പുതിയൊരു സ്വലാഹുദ്ദീന്‍ അയ്യൂബി വരലാണ്. കവി പറയുന്നു... അല്ലാഹുവേ, സ്വലാഹുദ്ദീനെ രണ്ടാമതൊരിക്കല്‍ കൂടി തരൂ.! അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ഹിത്വീന്‍ പോരാട്ടമോ അത് പോലുള്ളതോ ആവര്‍ത്തിക്കൂ.!! 

എന്താണ് അയ്യൂബിയുടെ രഹസ്യം.? അദ്ദേഹം യഥാര്‍ത്ഥ മുസ്ലിമായിരുന്നു, സമ്പൂര്‍ണ്ണ സത്യവിശ്വാസിയായിരുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യെ ശരിയായി പിന്‍പറ്റിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന് ഖുര്‍ആനിന്‍റെയും ഈമാനിന്‍റെയും സ്നേഹാനുകമ്പയുടെയും ഭാഷ മാത്രമേ അറിയുമായിരുന്നുള്ളൂ. അതിലൂടെ അദ്ദേഹം ജയിച്ചുയര്‍ന്നു. എന്നാല്‍ ഇന്ന് നാം മുസ്ലിംകള്‍ അദ്ദേഹത്തിന്‍റെ ഭാഷയും വേഷവും എല്ലാം മാറ്റിക്കളഞ്ഞു. സ്വലാഹുദ്ദീന് ഇന്നത്തെ രാഷ്ട്രീയ ഭാഷ അറിയില്ലായിരുന്നു. ഖുര്‍ആനിന്‍റെ ഭാഷ നല്ലത് പോലെ അറിയാമായിരുന്നു. അത് പോലുള്ള വിജയത്തിന് നാമും ഖുര്‍ആനിക ശൈലി ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആകയാല്‍ നാം ഖുര്‍ആനിന്‍റെയും ഈമാനിന്‍റെയും കാരുണ്യത്തിന്‍റെയും ത്യാഗത്തിന്‍റെയും, ശഹാദത്തിനോടുള്ള ആഗ്രഹത്തിന്‍റെയും ശൈലി ഉണ്ടാക്കിയെടുക്കൂ. സ്വലാഹുദ്ദീന്‍ അയ്യൂബി ഈ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ഇതില്‍ അവരെ ഒന്നിപ്പിക്കുകയും ചെയ്തു. അവരുടെ ഭാഷയും മദ്ഹബുകളും ശൈലികളുമെല്ലാം വ്യത്യസ്ഥമായിരുന്നു. എന്നിട്ടും ഇന്നത്തെ അറബ് ദേശീയതയെക്കാളും മുഹമ്മദീ ബന്ധം ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഞാന്‍ ഇന്ത്യക്കാരനാണ്, കൂട്ടത്തില്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യുടെ അനുയായിമാണ്. ഫലസ്തീന്‍ വിഷയത്തില്‍ മൗലാനാ മൗദൂദിയോടൊപ്പം ഞങ്ങള്‍ കൂടിയാലോചിക്കുകയും അഹ് മദാബാദില്‍ വലിയൊരു സമ്മേളനം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഫലസ്തീനിന് വേണ്ടി അറബി അറിയാത്ത വിദൂരത്തുള്ള അഹ് മദാബാദുകാര്‍ ഒരുമിച്ചെങ്കില്‍ അത് അല്ലാഹുവിന് വേണ്ടി മാത്രമാണ്. അത് ഈമാനിന്‍റെ പേരിലാണ്. 

അതെ നിങ്ങള്‍ വലിയൊരു പരിശ്രമത്തിന്‍റെ മേഖലയിലാണ്. ലോകത്തെ മുഴുവന്‍ ഒരുമിപ്പിക്കാനുള്ള പരിശ്രമമാണിത്. പക്ഷെ, ഈ പരിശ്രമം സത്യസന്ധമായിരിക്കണം. അതിന് മറ്റൊരു അയ്യൂബിയെ നാം പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്‍റെ വചനം നാം ഓര്‍ക്കുക: ശത്രുക്കളെ നേരിടുന്നതില്‍ നിങ്ങള്‍ ബലഹീനരാകരുത്. നിങ്ങള്‍ വേദന അനുഭവിച്ചെങ്കില്‍ അവരും അനുഭവിക്കുമെന്ന് മനസ്സിലാക്കുക. എന്നാല്‍ അവര്‍ പ്രതീക്ഷിക്കാത്തത് നിങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.!ഇതാണ് നമ്മുടെ ലക്ഷ്യവും മാര്‍ഗ്ഗവുമെന്ന് തിരിച്ചറിയുക.  സിയോണിസ്റ്റുകളെ നമുക്ക് നന്നായിട്ടറിയാം. അവര്‍ക്ക് വെറും സമ്പത്തും ഭൗതികതയും മാത്രം മതി. ഉന്നത ലക്ഷ്യമൊന്നുമില്ല. പടച്ചവന്‍ നോക്കുന്നത് ഹൃദയത്തിലേക്കാണ്. സത്യവിശ്വാസികള്‍ക്കാണ് അന്തിമ വിജയം. അതിന് നിങ്ങള്‍ ഐക്യപ്പെടുക. പൂര്‍ണ്ണമായ ശക്തി തേടുക. സിയോണിസ്റ്റുകള്‍ ആഗ്രഹിക്കുന്നതല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഓര്‍ക്കുക. അതെ നിങ്ങള്‍ സത്യവിശ്വാസികള്‍ ആണെങ്കില്‍ നിങ്ങളാണ് ഉന്നതര്‍.! ഈ നാട്ടില്‍ നിന്നും പ്രകാശിച്ച് ലോകം മുഴുവനും പരന്ന ഈമാനുമായി നിങ്ങള്‍ ഹൃദയങ്ങളെ ബന്ധിക്കുക. എങ്കില്‍ നിങ്ങള്‍ ജനഹൃദയങ്ങളെ കീഴടക്കും. ലോകം മുഴുവന്‍ കീഴടക്കും. നമ്മുടെ ചരിത്രം പരിശുദ്ധമാണ്. നമ്മുടെ പിന്നില്‍ വലിയൊരു സംഘമുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യാന്‍  അവര്‍ തയ്യാറാണ്. അവരെ ഉണര്‍ത്തുക. ഇതുവരെ അവരെ ആരും ഉണര്‍ത്തിയിട്ടില്ല. നിങ്ങള്‍ക്ക് ലോകം മുഴുവന്‍ സഹായികളുണ്ട്. എല്ലാ ഉന്നതിയും ഏറ്റവും വിലപിടിപ്പുള്ള ഈ ലക്ഷ്യവും നിങ്ങള്‍ കരസ്ഥമാക്കുക തന്നെ ചെയ്യും. നിങ്ങള്‍ പരിശ്രമിച്ച് മുന്നേറുക. ഈമാന്‍ വളര്‍ത്തുക. നിങ്ങളുടെ കയ്യിലെ സമ്പത്തും ശക്തിയും ഉപയോഗിക്കുക. വിജയം ലഭിക്കുന്നതാണ്.