• Welcome to Our store..

ഈമാന്‍ വര്‍ദ്ധിക്കാനുള്ള വഴി

ഇമാം സയ്യിദ് അഹ് മദ് ശഹീദ്

ശരീഅത്തനുസരിച്ച് ജീവിക്കുമെന്ന് മനസ്സാ ഉറച്ച തീരുമാനമെടുക്കുക. ആഗ്രഹപൂവ്വം തിരു സുന്നത്തുകള്‍ അനുകരിക്കുക. ബിദ്അത്തുകളോട് കടുത്ത വെറുപ്പ് പുലര്‍ത്തുക. അല്ലാഹുവിന്‍റെ ഉറച്ച പാശത്തെ-കിതാബ്-സുന്നത്തുകളെ മുറുകെ പിടിക്കുക. അല്ലാഹുവിന്‍റെ പ്രീതിയെ ലക്ഷ്യമിടുക. അല്ലാഹുവിനെയും അവന്‍റെ സ്മരണ ഉണര്‍ത്തുന്ന അടയാളങ്ങളെയും (വിശിഷ്യാ, ഏററം വലിയ അടയാളമായ ശരീഅത്തിനെ) ആദരിക്കുക. ഇബാദത്തുകള്‍ അമിതമായി അധികരിപ്പിക്കലോ വസ്വാസില്‍ കുടുങ്ങുകയോ ചെയ്യലല്ല ആദരവ് കൊണ്ടുള്ള വിവക്ഷ. ശറഈ വിശ്വാസ-കര്‍മ്മങ്ങളെ കുറിച്ച് മനസ്സാ സംതൃപ്തിയും സ്നേഹവും പുലര്‍ത്തലും അല്ലാഹുവിന്‍റെ പ്രീതിക്കു മുന്നില്‍ സൃഷ്ടികളുടെ പ്രശംസയും നൃശംസയും വകവെയ്ക്കാതിരിക്കലുമാണ് ആദരവ് കൊണ്ടുള്ള ഉദ്ദേശ്യം. മേല്‍പറഞ്ഞ ഗുണങ്ങളിലൂടെ ഈമാന്‍ വര്‍ദ്ധിയ്ക്കുന്നതാണ്. 
അല്ലാഹുവിന്‍റെ ഇഷ്ടത്തിനും സ്വന്തം ആഗ്രഹത്തെക്കാള്‍ മുന്‍ഗണന കൊടുത്ത് മനോഛയെ പരാജയപ്പെടുത്തലാണ് മറെറാരു വഴി. ഉദാഹരണത്തിന്, ഉയന്നതരം ആഹാരങ്ങള്‍ക്ക് സദാ ആഗ്രഹമുള്ളവന്‍, താഴ്ന്നതരം ആഹാരം തിരഞ്ഞെടുക്കുക. അന്യസ്ത്രീകളെ നോക്കി വികാരത്തിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്നവന്‍, നോട്ടത്തെ സൂക്ഷിക്കുക. ലുബ്ദ് പതിവാക്കിയവന്‍, സമ്പത്തിനെ ശരിയായ പാതയില്‍ ധാരാളമായി ചിലവഴിക്കുക. ചര്‍ച്ചാ-സംവാദങ്ങളില്‍ താല്‍പര്യമുള്ളവര്‍, നിശബ്ദത മുറുകെ പിടിക്കുക. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും അല്ലാഹുവിന്‍റെ തൃപ്തിക്കുവേണ്ടി മാത്രമായിരിക്കണം. 
ഈമാന്‍ വര്‍ദ്ധിപ്പിക്കാനുള്ള വേറൊരു വഴി ഇതാണ്: ശരീഅത്തിനെ പ്രചരിപ്പിക്കാനും സുന്നത്തിനെ പുനര്‍ജ്ജീവിപ്പിക്കാനും ബിദ്അത്തിനെ ഇല്ലാതാക്കാനും സത്യത്തില്‍ ഉറച്ച് നില്‍ക്കുന്ന സൂഫീസരണിയെ പ്രചരിപ്പിക്കുക. അല്ലാഹുവുമായി അടുത്തവരെ സഹായിക്കുക. കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെ സേവിക്കുക. ചുരുക്കത്തില്‍, ജനങ്ങള്‍ക്കിടയില്‍ നല്ല ഒരവസ്ഥയുണ്ടാകാന്‍ പരിശ്രമിക്കുക.